റോമിലെ പ്രധാന തെരുവുകളില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം ആളുകള്‍ പൊലിസിന് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പ്രതിഷേധക്കാര്‍ പൊതുമുതലുകള്‍ നശിപ്പിക്കുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലിസ് കസ്ററഡിയിലെടുത്തു. നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള പ്രതിഷേധക്കാരുടെ നീക്കമാണ് പ്രധാനമായും വലിയ സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍, സൈനിക ചെലവുകള്‍ വര്‍ധിപ്പിക്കല്‍, ഇന്ധനവില വര്‍ധന, ജീവിതച്ചെലവ് വര്‍ധന എന്നിവയ്ക്കെതിരെയായിരുന്നു സമരം.
റോമിന് പുറമേ മിലാന്, ടൂറിന്, ബൊലോഗ്ന തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലും വന്‍ പ്രതിഷേധ പ്രകടനങ്ങളും നേരിയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ സുരക്ഷയ്ക്കായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നന്ദി അറിയിക്കുകയും, സമാധാനപരമായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും എന്നാല്‍ അക്രമം അഴിച്ചുവിടുന്ന സംഘങ്ങളെ കര്‍ശനമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

Comments: